Monday, July 1, 2013

അവനിലൂടെ...



ഓരോ വർഷകാലവും ഓരോ നഷ്ടങ്ങളുടെ ഓർമ്മ കുറിപ്പുകളാണ് .കഴിഞ്ഞ മഴക്കാലത്ത് ഒരുമിച്ചിരുന്ന ഈ പടവിൽ ഇന്ന് തനിയെ ഇരിക്കുമ്പോൾ അവന്റെ ഓർമ്മകളല്ലാതെ വേറെയൊന്നും തെളിയുന്നില്ല. എന്നായിരുന്നു..എവിടെ വെച്ചായിരുന്നു ഒരുമിച്ചു നടക്കാൻ തുടങ്ങിയത് ? അറിയില്ല. അല്ലെങ്കിലും അവൻ എപ്പഴും പറയാറുണ്ടായിരുന്ന പോലെ ഓർമ്മകളെ മറവി മൂടാതെ സൂക്ഷിക്കാൻ ഞാൻ പഠിച്ചിട്ടില്ല. പക്ഷെ, ഇന്ന് അവന്റെ ഓർമ്മകളിൽ ഒരു വരി പോലും എനിക്ക് കൈമോശം വന്നിട്ടില്ല. സ്നേഹിക്കാൻ സ്നേഹിച്ചു പഠിപ്പിച്ചവരെ മറക്കുക അത്ര എളുപ്പമല്ലല്ലോ.
ആൾക്കൂട്ടവും ഒതുകൂടലുകളിലെ കാട്ടിക്കൂട്ടലുകളും ബഹളങ്ങളും ഇഷ്ടപ്പെട്ട ഞാൻ എങ്ങനെയാണ് നിശബ്ദതയും കുറഞ്ഞ വാക്കുകളെയും ഇഷ്ടപ്പെട്ട അവനെ സ്നേഹിക്കാൻ തുടങ്ങിയത് ? ആരും കാണാതെ പോയ, ഞാൻ തന്നെ അറിയാതെ പോയ എന്റെ ഉള്ളിലെ ഒറ്റപ്പെടലിനെ അവൻ അറിഞ്ഞത് എങ്ങനെയാവും ? ഉത്തരമില്ല. പാതി പറഞ്ഞു വെച്ച് പോകുന്നത് എന്നും അവനിഷ്ടമായിരുന്നു. പിന്നീട് കേൾക്കാൻ വേണ്ടി കൊതിക്കുമ്പോൾ സ്നേഹം ഇരട്ടിക്കുമെന്നു അവൻ പറയുമായിരുന്നു.സത്യമാണെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു.

ഒരു മുൻപരിചയവും ഇല്ലാത്ത എന്നോട് വന്നു "താൻ ഡ്രസ്സ്‌ ചെയ്ത രീതി എനിക്കിഷ്ടമായി; ഈ ഭാവവും " എന്ന് പറഞ്ഞത് മുതലാണ്‌ ഞാൻ അവനെ ശ്രദ്ധിച്ചു തുടങ്ങിയത്. അതിനു മുൻപേ ഒരു വർഷത്തിനിടയിൽ കോളേജിന്റെ വരാന്തയിലും വഴികളിലും വെച്ച് ഒരുപാട് തവണ ഞാൻ അവനെയും അവൻ എന്നെയും കടന്നു പോയി കാണും; പക്ഷെ കണ്ടില്ല.അറിഞ്ഞതുമില്ല. പിന്നീട് ഒരിക്കൽ , ഒരു പരിചയവുമില്ലാത്ത എന്നോട് എന്ത് കൊണ്ടാണ് അന്നങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചു. " തന്നെ കണ്ടപ്പോൾ എനിക്കങ്ങനെ തോന്നി, എന്തോ ഒരിഷ്ടം. കൂടെയുള്ള കൂട്ടുകാരോട് പറയുന്നതിനേക്കാൾ നല്ലത് തന്നോട് നേരിട്ട് പറയുന്നതാവുമെന്നു തോന്നി ; പറഞ്ഞു." അതായിരുന്നു മറുപടി. ഒരു കാര്യം എനിക്ക് തീർച്ചയാണ് , എന്റെ മനസ്സില് അവനോടുള്ള സ്നേഹത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. പിന്നീട്.........

വരാന്തകളിലും കോളേജിന്റെ വഴികളിലും വെച്ച് ഞാന്‍ അവനെ കണ്ടു. ഒരു ചെറിയ ചിരിക്കപ്പുറം , ഒരു നോട്ടത്തിനപ്പുറം സംസാരിച്ചതെയില്ല. അവനെ എനിക്ക് മനസ്സിലായാതെ ഇല്ല; അവന്റെ മനസ്സ് എന്നും എന്റെ വായനകള്‍ക്ക് അപ്പുറതായിരുന്നോ എന്നിപ്പോള്‍ എനിക്ക് ഭയം തോന്നുന്നു.
പരസ്പരം മിണ്ടാതെയുള്ള, നോട്ടങ്ങളുടെ മാത്രം പരിചയത്തില്‍ നിന്ന് ഒരു മാസത്തോളം കഴിഞ്ഞതിനു ശേഷമുള്ള ഒരു ദിവസം, ഉച്ച ഭക്ഷണത്തിനായി വിട്ട നേരത്താണ് അവന്‍ ക്ലാസില്‍ ഒറ്റക്കിരിക്കുന്നത് കണ്ടത്. എനിക്കിപ്പഴും ഓര്‍മ്മയുണ്ട് ;അന്ന് അവന്റെ അടുത്ത് പോവാന്‍ എനിക്ക് തോന്നിയ മടി. മടിയായിരുന്നില്ല; ഒരു തരം ഈഗോ ആയിരുന്നുവത്. "കാണാന്‍ കൊള്ളാവുന്ന എന്റെ അടുത്തേക്കാണ് എന്നും എല്ലാവരും വന്നിട്ടുള്ളത്; അങ്ങോട്ട്‌ പോയിട്ടില്ല" -എന്ന ഭാവം.പക്ഷെ, സ്നേഹം മനുഷ്യന്റെ വാശികള്‍ക്ക് അപ്പുറമാണെന്ന് അന്നെനിക്ക് മനസ്സിലായി. അവനിലൂടെ അത് മനസ്സിലായിരുന്നില്ലെങ്കില്‍ പിന്നീടൊരിക്കലും എനിക്കത് തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ലായിരുന്നു. മെല്ലെ ചെന്ന് അവന്റെയരികില്‍ ഇരുന്നു. എന്തെ ഒറ്റക്കിരിക്കുന്നതെന്ന ചോദ്യത്തിന് തലയുയര്‍ത്തി ഒരു നോട്ടമായിരുന്നു മറുപടി. ആ കണ്ണുകളിലെ നിസ്സഹായതയും അതിലെ തിളങ്ങുന്ന ആത്മവേദനയും മാത്രം മതിയായിരുന്നു എനിക്ക് മനസ്സിലാവാന്‍ .
ആരുടെ മുന്നിലും വാക്കുകള്‍ക്കും മരുപടികള്‍ക്കും തര്‍ക്കുതരങ്ങള്‍ക്കും വാക്കുകള്‍ക്കായി ഞാന്‍ പരതെണ്ടി വന്നിരുന്നില്ല; പക്ഷെ അന്ന്..എന്റെ തൊണ്ടയില്‍ വാക്കുകള്‍ കുരുങ്ങി ശ്വാസം മുട്ടി. മെല്ലെ അവന്റെ കൈകളില്‍ എന്റെ കൈ ചേര്‍ത്തു.
ഒരു അന്യപുരുഷന്റെ കൈ തോടുന്നതായിട്ടല്ല എനിക്ക് തോന്നിയത്; എന്റെ തന്നെ ഹൃദയത്തിനെ വിരല്‍ കൊണ്ട് തൊടുമ്പോള്‍ ഉണ്ടാവുന്ന ആര്‍ദ്രത ആണെനിക്ക്‌ അനുഭവപ്പെട്ടത്. സ്നേഹത്തിന്റെ, പ്രണയത്തിന്റെ മാത്രം ശരീര സ്പര്‍ശനങ്ങള്‍ .

അന്ന് രാത്രി ഞാന്‍ അവനെയായിരുന്നു സ്വപ്നം കണ്ടത്.പിന്നീടുള്ള രാത്രികളിലെല്ലാം അവനെ മാത്രമായിരുന്നു.
സ്നേഹത്തിന്റെ ഓര്‍മ്മ ദിവസങ്ങള്‍ ഞങ്ങളില്‍ തളിരിടുകയായിരുന്നു. കോളേജിന്റെ വഴികളിലും , കോഫീ ഷോപ്പിലും അടുത്തിരുന്ന ചെയ്ത യാത്രകളിലും സ്നേഹം മാത്രമായിരുന്നു ഞങ്ങള്‍ക്ക് കൂട്ട്.
മഴനനവുള്ള പകലുകളും പ്രതീക്ഷകളും ചെറിയ വേദനകളും മോഹഭംഗങ്ങളും അങ്ങനെ എല്ലാമെല്ലാം..
ഞങ്ങള്‍ക്കിടയില്‍ പറയാതതായി ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ..അതിനെപ്പറ്റി ഞാന്‍ അന്നും ഇടയ്ക്കിടെ ഓര്‍ക്കാറുണ്ടായിരുന്നു. അവനോടു പറഞ്ഞില്ലെങ്കിലും .
അവന്‍ ഓര്‍ത്തിരുന്നോ അത് മാത്രം എനിക്കും അവനുമിടയില്‍ ബാക്കി കിടപ്പുണ്ടെന്ന്...? പക്ഷെ....

No comments:

Post a Comment

നഷ്ടമാവുന്ന സ്വർഗരാജ്യത്തിന്റെ ഓർമപ്പെടുത്തലുകൾ

പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജ...