കാഞ്ചനാമ്മയെയും ബി.പി മൊയ്തീനെയും കുറിച്ച് ഒരിക്കൽ കൂടി എഴുതണമെന്നു കരുതിയതല്ല. പക്ഷെ,
ആ അമ്മയുടെ കഥകൾ കേട്ട്,
സ്നേഹമറിഞ്ഞ രണ്ടു പകലുകൾക്കൊടുവിൽ വേറൊന്നിനെ കുറിച്ചും ഓർക്കാനാവുന്നില്ല;പറയാനും.
വായിച്ചും കണ്ടുമറിഞ്ഞതിലപ്പുറമുള്ള കഥകളും കേട്ട്, സേവാമന്ദിറിൽ ഇരിക്കുമ്പോൾ, തൊട്ടപ്പുറത്ത കസേരയിൽ 'മുത്തു'വുണ്ടായാരുന്നു. അമ്മ കൂടുതൽ സംസാരിക്കുമ്പോൾ, 'വേണ്ട.. അമ്മയ്ക്ക് വയ്യാത്തതാണെ'ന്ന് അവൾ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തുന്നു. മനസ്സ് നിറഞ്ഞ് ചിരിക്കുന്ന മുത്തു, തമിഴ്നാട്ടുകാരിയാണ്. ആരോരുമില്ലാത്ത മുത്തുവിന്റെ അമ്മയാണ് കാഞ്ചനാമ്മ. അവളുടെ അത്താണിയാണ് ആ കുഞ്ഞുമന്ദിരവും അതിന് പിന്നിലെ റസിയാത്തയുടെ വീടും. അവളുടെ മാത്രമായിരുന്നില്ല..അങ്ങനെ ഒരുപാട് പേർക്ക് അമ്മയാണ് കാഞ്ചനാമ്മ. അവരുടെയൊക്കെ അത്താണിയാണ് ബി.പി.മൊയ്തീൻ സേവാമന്ദിർ.
സിനിമയിലറിഞ്ഞ കാഞ്ചനേച്ചിയെ കാണാനും അറിയാനും തൃശ്ശൂരിൽ നിന്നും തൊടുപുഴയിൽ നിന്നും തലശ്ശേരിയിൽ നിന്നുമെല്ലാം സ്നേഹിക്കുന്നവരെത്തുന്നു. അവരെ സ്നേഹത്തോടെ അടുത്തിരുത്തുന്ന ആ അമ്മയുടെ മുഖത്ത് ചിരി മായുന്നേയില്ല. സിനിമയെ കുറിച്ച് എന്തെങ്കിലും പറയുമോയെന്ന് ചോദിച്ചെത്തുന്ന ചാനലുകാരോട്, സിനിമ ഞാൻ കണ്ടില്ല, കാണാനാഗ്രഹമില്ലെന്നും പറയുമ്പോഴും ആ മുഖത്ത് ചിരി മായുന്നില്ല. സിനിമ സിനിമയാണെന്നും, എനിക്കതിനപ്പുറം ഒരു ജീവിതം തുടരാനുണ്ടെന്നും പറഞ്ഞ്, സേവാ മന്ദിറിന്റെ വളരെ പരിമിതമായ അകത്തേക്ക് സ്വീകരിച്ചിരുത്തുന്നു. വിശേഷങ്ങൾ ചോദിച്ചറിയുന്നു.
ഫോട്ടോമോഹങ്ങൾക്ക് ചിരിയോടെ നിന്നുകൊടുക്കുന്നു.
സിനിമയിൽ ചിലതൊക്കെ മാറ്റിയെഴുതിയല്ലോ എന്നു ചോദിച്ചും പറഞ്ഞും വരുന്ന, ചോര മണക്കുന്ന ഫോൺകാളുകൾക്ക്,
"അത് സിനിമയല്ലേ..അവർക്ക് അവരുടേതായ പരിമിതികളുണ്ടാവും. നമുക്ക് ചെയ്യാൻ വേറെയൊരുപാടില്ലേ...." എന്ന ഒറ്റ മറുപടി കൊണ്ട്
ആ അമ്മ,
ഹിറ്റ്മേക്കറെക്കാളും സൂപ്പർതാരങ്ങളെക്കാളും ഒരുപാടൊരുപാട് ഉയരത്തിലെത്തുന്നു...
സേവാമന്ദിറിന് നല്ലൊരു കെട്ടിടം, പിന്നെ പണ്ടത്തെപോലെ ഒരുപാട് കോഴ്സുകൾ, വായിച്ചിരിക്കാൻ സൗകര്യമുള്ള ലൈബ്രറി...എന്നിങ്ങനെ ഒരുപാട് മോഹങ്ങൾ പങ്കുവച്ച പകലിനൊടുവിൽ വരാമെന്നു യാത്ര പറഞ്ഞിറങ്ങുമ്പോൾ നിനക്ക് ഫോട്ടോയെടുക്കേണ്ടേ എന്നു ചോദിച്ചു. രാവിലെ മുതൽ ചാഞ്ഞും ചരിഞ്ഞും ആ ജീവിതമൊരു കാഴ്ചവസ്തുവാവുന്നതു കണ്ടതാണ്. വേണ്ട, എനിക്കു ഈ സ്നേഹത്തിനൊപ്പം നിൽക്കാൻ ഒരു ഫോട്ടോ വേണ്ട.
പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു.
സേവാമന്ദിറിന്റെ ഇറ കടന്ന്,
മുറ്റത്ത് നിന്ന് മുക്കം അങ്ങാടീലേക്ക് നടക്കുമ്പോൾ പെയ്ത മഴക്ക് പ്രണയത്തിന്റെ മാത്രം ഗന്ധമായിരുന്നില്ല; അവനവനെ മറന്ന് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച രണ്ടു ജീവിതങ്ങളുടെ ഗന്ധമായിരുന്നു.
സ്വയം നീന്തി രക്ഷപ്പെടാമായിരുന്നിട്ടും മറ്റുള്ളവരെ ജീവിതത്തിലേക്ക് കരയ്ക്കടുപ്പിച്ച്, ഇനിയുള്ളവരെ തേടി മരണത്തിലേക്ക് നീന്തിയ ഒരുവന്റെയും,
ആ ഒരുവന്റെ സ്നേഹം നിറഞ്ഞ ജീവിതക്കാഴ്ചകളിലേക്കും ലക്ഷ്യങ്ങളിലേക്കും സ്വയം സമർപ്പിച്ച,
അതിനായ് ജീവിച്ചുകൊണ്ടിരിക്കുന്ന ഒരുവളുടെയും ജീവിതത്തിന്റെ ഗന്ധം...
-നസീൽ വോയ്സി-
(Thanks to Favour Mash for making remember about the blog life i had, love you Mashe :) )
