Sunday, April 17, 2016

നഷ്ടമാവുന്ന സ്വർഗരാജ്യത്തിന്റെ ഓർമപ്പെടുത്തലുകൾ

പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജനിച്ച് മൂന്നാം മാസം പ്രവാസിയായ ഉപ്പയുടേയുമൊക്കെ കഥകളിലും പൊട്ടിക്കുന്ന പെട്ടികളിലും എന്നും ആ നാടിന്റെ വിസ്മയവും ഒറ്റപ്പെടലുമൊക്കെയുണ്ടായിരുന്നു....
അതു കൊണ്ടൊക്കെയാവണം മുൻപ് "പത്തേമാരി" കണ്ടപ്പോൾ കണ്ണുനിറഞ്ഞതും മുഴുമിപ്പിക്കാനാവാതെ തീയറ്റർ വിട്ടതും. നമ്മുടെ ജീവിതവും അനുഭവങ്ങളും ചിന്തകളുമൊക്കെയായി അടുത്തു നിൽക്കുന്ന കാഴ്ചകൾ സ്ക്രീനിൽ തെളിയുമ്പോഴാണ് ഒരു സിനിമ നമുക്കു പ്രിയപ്പെട്ടതാകുന്നത്.
ഇന്ന്, അങ്ങനെയൊരു സിനിമ കൂടി കണ്ടു.
"ജേക്കബിന്റെ സ്വർഗരാജ്യം". അറിയാതെ കണ്ണുനിറഞ്ഞു. എല്ലാവരെയും മനസ്സു നിറയെ ഓർത്തു...

സിനിമ പറഞ്ഞ ബിസിനസ് തകർച്ചയുടെയോ തിരിച്ചുപിടിക്കലിന്റെയോ കഥയല്ല. മറിച്ച്, അച്ഛനും അമ്മയും ചേട്ടനും അനിയനും അനിയത്തിയും കുഞ്ഞനിയനുമൊക്കെ ചേർന്ന് പകരുന്ന ഒരുമയുടെ, സ്നേഹത്തിന്റെ, വല്ലാത്തൊരു അടുപ്പത്തിന്റെ ആ ഒരു ഇമോഷനുണ്ടല്ലോ...അതാണ് മനസ്സും കണ്ണും നിറക്കുന്നത്. എല്ലാമുണ്ടാവുമ്പോഴും ഒന്നുമില്ലാതാവുമ്പോഴും ഒരേപോലെ സ്നേഹിക്കുന്ന, പരസ്പരം താങ്ങാവുന്ന ജേക്കബിന്റെയും കുടുംബത്തിന്റെയും കഥ, നമ്മളൊക്കെ പതിയെ മറന്നു തുടങ്ങുന്ന വേരുകളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ്.

തളരുന്നുവെന്നു തോന്നുമ്പോൾ ജേക്കബ് മൂത്ത മകന്റെ വിരലറ്റത്തു കാണുന്ന താങ്ങ്... ഒറ്റപ്പെട്ടുവെന്ന് തോന്നിത്തുടങ്ങുമ്പോൾ ആ അമ്മ മകനു കൊടുക്കുന്ന ധൈര്യം... കൂടെയുണ്ടെന്നു പറയുന്ന അനിയന്റെ സാമീപ്യം... "എനിക്ക് നീയുണ്ടല്ലോ" എന്ന കുഞ്ഞനിയന്റെ പ്രതീക്ഷ... അങ്ങനെയങ്ങനെ ഓരോ യാത്രക്കു ശേഷവും സ്വന്തം കുടുംബത്തിലേക്കു മടങ്ങിയെത്താനാഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും അവനവനെ അടയാളപ്പെടുത്താനാവുന്ന സിനിമ. ദുബായിയും ബിസിനസ് സാമ്രാജ്യവുമൊന്നുമല്ല, കുടുംബ ബന്ധങ്ങളെക്കുറിച്ചും ജീവിതത്തിലെ പ്രയാസങ്ങളെ ഒരുമിച്ചു നേരിടുന്നതിനെക്കുറിച്ചുമാണ് ജേക്കബിന്റെയും കുടുംബത്തിന്റെയും കഥയിലൂടെ വിനീത് പറയുന്നത്. ഒരു യഥാർത്ഥ ജീവിതകഥ പകർത്തിയതു കൊണ്ടാവണം ഇത്രമേൽ അടുപ്പം തൊട്ടറിയാനാവുന്നത്...

ജേക്കബായി രഞ്ജി പണിക്കരും മകനായി നിവിൻ പോളിയും ജീവിക്കുമ്പോൾ, അമ്മയുടെ കണ്ണുനിറയാതെ നോക്കണമെന്നു പറഞ്ഞു കൈപിടിക്കുമ്പോൾ...കണ്ണു നിറയുന്നു. അമ്മയും ശ്രീനാഥ് ഭാസിയുടെ അനിയൻ കഥാപാത്രവും സായികുമാറിന്റെ ഫിലിപ്പും ടിജി രവിയുടെ ഉണ്ണിയേട്ടനും കുഞ്ഞനിയനും അനിയത്തിയും...ഓരോ കഥാപാത്രവും കാണുന്നവന്റെ അനുഭവങ്ങളാവുന്നുണ്ട്.

ജാതിയുടെയും മതത്തിന്റെയും അതിരുകളില്ലാതെ മനുഷ്യബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നവരാണ് പ്രവാസികൾ. ഒരുപക്ഷേ നാട്ടിലുള്ളതിനെക്കാളേറെ...
കേട്ട കഥകളിലൊക്കെ റും പങ്കിട്ടവരും ഒരു പാത്രത്തിൽ നിന്നു കഴിച്ചവരും നാട്ടിൽ പോകുമ്പോൾ പെട്ടി കെട്ടാനൊപ്പം കൂടിയവരുമൊക്കെ മനുഷ്യരായിരുന്നു. എല്ലാത്തിനുമപ്പുറം ബന്ധങ്ങൾക്ക് വില കൽപ്പിച്ച, കാണുമ്പോൾ ചുറ്റുമുള്ളതു മറന്ന് കെട്ടിപ്പിടിക്കുന്നവർ. അതുകൊണ്ടു തന്നെയാവണം, പ്രവാസത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു കുടുംബകഥ പറയുമ്പോൾ കൂടുതൽ അടുപ്പം തോന്നുന്നതും...

ബന്ധങ്ങളുടെ ചരടുകൾ പൊട്ടിച്ച്, എത്തുന്നിടത്തു കൂടു കൂട്ടുന്ന ഒരു സഞ്ചാരിയാവാനല്ല; ഓരോ യാത്രക്കു ശേഷവും സ്വന്തം വേരുകളിലേക്കു മടങ്ങുന്ന, കുടുംബത്തിന്റെ മരുപ്പച്ചയിലൊളിക്കുന്ന ഒരു സാധാരണ മനുഷ്യനാവാനാണു എന്നും മോഹം.

"നിറച്ചാർത്താർന്ന, ബന്ധങ്ങളുടെ കെട്ടുപാടുകളില്ലാത്ത" ആകാശമല്ല - അടുക്കളയിലെ തിണ്ണയിൽ, കൊലായിയിലെ  കസേരയിൽ, ടിവിക്കു മുൻപിലെ സോഫയിൽ, ഡൈനിങ് ടേബിളിലെ തമാശകളിൽ, ചെറിയ പിണക്കങ്ങളിൽ, പരിമിതികളിൽ...അവിടെയാണ് എന്റെ സ്വർഗ്ഗം.

നന്ദി വിനീത്, നിവിൻ പോളി, രഞ്ജി പണിക്കർ - ഈ ഓർമപ്പെടുത്തലിന്.

Thursday, October 15, 2015

കാഞ്ചനാമ്മയെയും ബി.പി മൊയ്തീനെയും കുറിച്ച് ...




കാഞ്ചനാമ്മയെയും ബി.പി മൊയ്തീനെയും കുറിച്ച് ഒരിക്കൽ കൂടി എഴുതണമെന്നു കരുതിയതല്ല. പക്ഷെ,
ആ അമ്മയുടെ കഥകൾ കേട്ട്,
സ്നേഹമറിഞ്ഞ രണ്ടു  പകലുകൾക്കൊടുവിൽ വേറൊന്നിനെ കുറിച്ചും ഓർക്കാനാവുന്നില്ല;പറയാനും.

വായിച്ചും കണ്ടുമറിഞ്ഞതിലപ്പുറമുള്ള  കഥകളും കേട്ട്,  സേവാമന്ദിറിൽ ഇരിക്കുമ്പോൾ, തൊട്ടപ്പുറത്ത കസേരയിൽ 'മുത്തു'വുണ്ടായാരുന്നു. അമ്മ കൂടുതൽ സംസാരിക്കുമ്പോൾ, 'വേണ്ട.. അമ്മയ്ക്ക് വയ്യാത്തതാണെ'ന്ന് അവൾ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തുന്നു. മനസ്സ് നിറഞ്ഞ് ചിരിക്കുന്ന മുത്തു, തമിഴ്നാട്ടുകാരിയാണ്. ആരോരുമില്ലാത്ത മുത്തുവിന്റെ അമ്മയാണ് കാഞ്ചനാമ്മ. അവളുടെ അത്താണിയാണ് ആ കുഞ്ഞുമന്ദിരവും അതിന് പിന്നിലെ റസിയാത്തയുടെ വീടും. അവളുടെ മാത്രമായിരുന്നില്ല..അങ്ങനെ ഒരുപാട് പേർക്ക് അമ്മയാണ് കാഞ്ചനാമ്മ. അവരുടെയൊക്കെ അത്താണിയാണ് ബി.പി.മൊയ്തീൻ സേവാമന്ദിർ.

സിനിമയിലറിഞ്ഞ കാഞ്ചനേച്ചിയെ കാണാനും അറിയാനും തൃശ്ശൂരിൽ നിന്നും തൊടുപുഴയിൽ നിന്നും തലശ്ശേരിയിൽ നിന്നുമെല്ലാം സ്നേഹിക്കുന്നവരെത്തുന്നു. അവരെ സ്നേഹത്തോടെ അടുത്തിരുത്തുന്ന ആ അമ്മയുടെ മുഖത്ത് ചിരി മായുന്നേയില്ല. സിനിമയെ കുറിച്ച് എന്തെങ്കിലും പറയുമോയെന്ന് ചോദിച്ചെത്തുന്ന ചാനലുകാരോട്, സിനിമ ഞാൻ കണ്ടില്ല, കാണാനാഗ്രഹമില്ലെന്നും പറയുമ്പോഴും ആ മുഖത്ത് ചിരി മായുന്നില്ല. സിനിമ സിനിമയാണെന്നും, എനിക്കതിനപ്പുറം ഒരു ജീവിതം തുടരാനുണ്ടെന്നും പറഞ്ഞ്, സേവാ മന്ദിറിന്റെ വളരെ പരിമിതമായ അകത്തേക്ക് സ്വീകരിച്ചിരുത്തുന്നു. വിശേഷങ്ങൾ ചോദിച്ചറിയുന്നു.
ഫോട്ടോമോഹങ്ങൾക്ക് ചിരിയോടെ നിന്നുകൊടുക്കുന്നു.

സിനിമയിൽ ചിലതൊക്കെ മാറ്റിയെഴുതിയല്ലോ എന്നു ചോദിച്ചും പറഞ്ഞും വരുന്ന, ചോര മണക്കുന്ന ഫോൺകാളുകൾക്ക്,
"അത് സിനിമയല്ലേ..അവർക്ക് അവരുടേതായ പരിമിതികളുണ്ടാവും. നമുക്ക് ചെയ്യാൻ  വേറെയൊരുപാടില്ലേ...." എന്ന ഒറ്റ മറുപടി കൊണ്ട്
ആ അമ്മ,
ഹിറ്റ്മേക്കറെക്കാളും സൂപ്പർതാരങ്ങളെക്കാളും ഒരുപാടൊരുപാട് ഉയരത്തിലെത്തുന്നു...

സേവാമന്ദിറിന് നല്ലൊരു കെട്ടിടം, പിന്നെ പണ്ടത്തെപോലെ ഒരുപാട് കോഴ്സുകൾ, വായിച്ചിരിക്കാൻ സൗകര്യമുള്ള ലൈബ്രറി...എന്നിങ്ങനെ ഒരുപാട് മോഹങ്ങൾ പങ്കുവച്ച പകലിനൊടുവിൽ വരാമെന്നു യാത്ര പറഞ്ഞിറങ്ങുമ്പോൾ നിനക്ക് ഫോട്ടോയെടുക്കേണ്ടേ എന്നു ചോദിച്ചു. രാവിലെ മുതൽ ചാഞ്ഞും ചരിഞ്ഞും ആ ജീവിതമൊരു  കാഴ്ചവസ്തുവാവുന്നതു കണ്ടതാണ്. വേണ്ട, എനിക്കു ഈ സ്നേഹത്തിനൊപ്പം നിൽക്കാൻ ഒരു ഫോട്ടോ വേണ്ട.

പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു.
സേവാമന്ദിറിന്റെ ഇറ കടന്ന്,
മുറ്റത്ത് നിന്ന് മുക്കം അങ്ങാടീലേക്ക് നടക്കുമ്പോൾ പെയ്ത മഴക്ക് പ്രണയത്തിന്റെ മാത്രം ഗന്ധമായിരുന്നില്ല; അവനവനെ മറന്ന് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച രണ്ടു ജീവിതങ്ങളുടെ ഗന്ധമായിരുന്നു.
സ്വയം നീന്തി രക്ഷപ്പെടാമായിരുന്നിട്ടും മറ്റുള്ളവരെ ജീവിതത്തിലേക്ക് കരയ്ക്കടുപ്പിച്ച്, ഇനിയുള്ളവരെ തേടി മരണത്തിലേക്ക് നീന്തിയ ഒരുവന്റെയും,
ആ ഒരുവന്റെ സ്നേഹം നിറഞ്ഞ ജീവിതക്കാഴ്ചകളിലേക്കും ലക്ഷ്യങ്ങളിലേക്കും സ്വയം സമർപ്പിച്ച,
അതിനായ് ജീവിച്ചുകൊണ്ടിരിക്കുന്ന ഒരുവളുടെയും ജീവിതത്തിന്റെ ഗന്ധം...

-നസീൽ വോയ്സി-

(Thanks to Favour Mash for making remember about the blog life i had, love you Mashe :) )

Friday, August 8, 2014

ഒരു പ്രണയത്തിന്റെ സിംഗിള്‍ സീറ്റ് കഥ




ഒരുപാട് നാളുകളുടെ സൗഹൃദം ഉണ്ടായിരുന്നു അവര് തമ്മില്‍.
കൂടെ പഠിച്ച, കൂടെ യാത്ര  ചെയ്ത നല്ല രണ്ടു സുഹൃത്തുക്കള്‍- അതായിരുന്നു അത്രയും കാലം അവന്റെ മനസ്സില്‍ അവരുടെ കഥ.
പക്ഷെ, ആ കഥ അവര്‍ പോലുമറിയാതെ എവിടെയോ മെല്ലെ നിറം മാറി തുടങ്ങിയിരുന്നു. പലപ്പോഴും പ്രണയം  അങ്ങനെയാണല്ലോ.

ഒരുപാട് സൗഹൃദങ്ങള്‍ക്കിടയിലും അവന്‍ അവളെ കുറിച്ച് മാത്രം ഓര്‍ക്കാന്‍ തുടങ്ങി; ദൂരെ വേറെ ഒരു നാട്ടില്‍ പഠിക്കുന്ന  അവളും ഓര്‍ത്തത് അവനെ തന്നെയായിരുന്നു. ഫേസ്ബുക്കും വാട്സ്ആപ്പും നിറഞ്ഞു നില്‍ക്കുന്ന കാലത്തെ പ്രണയം ആയതു കൊണ്ട് തന്നെ അവരെ വിരഹം അത്രയൊന്നും വേട്ടയാടിയില്ല. എങ്കിലും, ഹൃദയം മോഹിക്കുന്നത് കണ്ണിനു കാണാന്‍ കഴിയാതെ വരുമ്പോഴുണ്ടാവുന്ന ഒരു വിമ്മിഷ്ടം ഉണ്ടല്ലോ; അത് അവരിലും നിറഞ്ഞു നിന്നിരുന്നു. അങ്ങനെ കഥ തുടര്‍ന്നു-പ്രണയം വളര്‍ന്നു-രാത്രികള്‍ അവര്‍ക്കില്ലാതായ കാലം.

അവധിക്കാലത്ത്‌ നാട്ടിലെത്തിയ അവള്‍ വീട്ടുക്കാരോടൊപ്പം അവന്റെ വീടിനടുത്തുള്ള നഗരത്തിലെത്തി.വെള്ളി പൂട്ടിയ  തന്റെ പുതിയ ബുള്ളറ്റില്‍ അവന്‍ പറന്നു വന്നു. ഏറെ നാളുകള്‍ക്ക് ശേഷം തമ്മില്‍ കാണാന്‍ കഴിഞ്ഞതിന്റെ വലിയ സന്തോഷതിനൊടുവില്‍ അവള്‍ അവനോടു ചോദിച്ചു :  (ഇനിയും വരില്ലേ ആനകളെയും മേയ്ച്ചു കൊണ്ട് ഈ വഴി എന്നല്ല ട്ടോ :P )

"എന്നെ ഒന്ന് ടൌണില്‍ ഇറക്കി തരാമോ ?? "

അവന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി; ഒന്നല്ല ഒരുപാടൊരുപാട്. സ്നേഹിക്കുന്ന പെണ്ണിനേം പിറകിലിരുത്തി  ബൈക്കില്‍ നഗരം ചുറ്റാന്‍ ആരാണ് ഇഷ്ടപ്പെടാത്തത് ? ഒന്നും നോക്കാതെ ഓര്‍ക്കാതെ അവന്‍ സമ്മതം മൂളി.

പോകാന്‍ വേണ്ടി അവര്‍ അവന്റെ ബുള്ളറ്റിന്റെ അടുത്തെത്തി ;  അവള്‍  കയറാതെ അവനെയും ബൈക്കിന്റെ പിന്‍ സീറ്റിലേക്കും മാറി മാറി  തുറിച്ചു നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍  വെറുതെ അവന്‍ പിറകിലോട്ടു നോക്കി- ഒരു നിമിഷം കൊണ്ട് പിന്നെയും പലതും  പൊട്ടി പക്ഷെ ഇത്തവണ അതവന്റെ നെഞ്ചത്ത് വെച്ച് പൊട്ടിച്ച അമിട്ടുകളായിരുന്നു എന്ന് മാത്രം - ബുള്ളറ്റു കിട്ടിയ ആവേശത്തില്‍ അതിന്റെ പിറകിലെ സീറ്റ്‌ അഴിച്ചു വെച്ച് സിംഗിള്‍ സീറ്റ് ആക്കിയാണ് താന്‍ വന്നത് എന്ന് അപ്പോഴാണ്‌ അവന്‍ ഓര്‍ത്തത് .


#ഈ കഥയിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്.ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കില്‍ അത് തീര്‍ത്തും യാദ്രിചികം മാത്രമാണ്.. :P

Sunday, August 3, 2014

hunger that we experience is merely accidental!

The hunger that we experienced was merely accidental.
May be, during a long journey we have decided not to eat as it is not hygienic.
Or, at times, the dish that served on the table was not our favorite...
I don't think that we will have more reasons to try defining the experience of hunger.





But for them,its NOT so.
They live in unhygienic, highly populated temporary camps.they starve for some food; not for favorite.
they search for piece of cloths that will at least keep their body a little warm from the piercing coldness that surrounds them.they don't have identity cards,ration cards; everything was burnt in the fire of riot.
poor babies search for breast milk;but finds hunger lasting longer.hunger and poverty was no reason for saffron men to keep themselves happy;so rapes do happen.Police finds no evidence;for them evidences always matters. deaths do happen but no counts are specific.

Just like the women who lost her family somewhere out in the riot field asks,
Till where we will go like this ?

it keeps echoing in the mind;in the dream..

Till where we will go like this?....

Gopal Menon, you have tried something that is worth of thinking and becoming aware of what we are and where we reached. Reny Ayline, your words were reflecting the reality of life.Thanks to you both.

#killing fields of muzzafarnagar
#muzzafarnagar #riot
 

(PC:TheIndianExpess)

Thursday, June 12, 2014

ലാസ്റ്റ് സീന്‍



ലാസ്റ്റ് സീന്‍ 



"എല്ലാം കഴിഞ്ഞു. ഇനി ഞാന്‍ അവനെ വെറുതെ ഓര്‍ത്തു വേദനിക്കില്ല. എന്നെ തിരിച്ചറിയാത്ത ഒരാളെ ഞാന്‍ ഇനിയും മനസ്സില്‍ സൂക്ഷിക്കെണ്ടല്ലോ.."- അവള്‍ തന്നെ പറഞ്ഞു പഠിപ്പിച്ചു. അല്ലെങ്കിലും ഇങ്ങോട്ട് ഓര്‍ക്കാത്തവരെ വെറുതെ ഓര്‍മ്മിച്ചു വേദനിക്കെണ്ടതില്ലല്ലോ..

ഇത് വരെയുള്ള ചാറ്റ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുമ്പോള്‍ അത് തന്നെ മനസ്സില്‍ ഉരുവിട്ട് കൊണ്ടിരുന്നു. ഒന്ന് കൂടി ഉറപ്പിക്കാന്‍, അപ്പോള്‍ ഓണ്‍ലൈന്‍ ഉണ്ടായിരുന്ന അടുത്ത സുഹൃത്തിനോടും പറഞ്ഞു- "എല്ലാം അവസാനിചെടാ.ഇനിയോന്നുല്ല ബാക്കി."

സന്തോഷം, സമാധാനം- മനസ്സില്‍ ഇതൊക്കെ വന്നു നിറയുന്നതായി അവള്‍ക്കു തോന്നി
.
പാതിരാവും കഴിഞ്ഞു, ലൈറ്റ് അണച്ച് സുഹൃത്തുക്കള്‍ക്കും ഗ്രൂപ്പിനും ഗുഡ്നൈറ്റ്‌ കൊടുത്തു ഉറങ്ങാന്‍ കിടന്നപ്പോള്‍ - മനസ്സില്‍ വീണ്ടും വെറുതെ ഒരു തോന്നല്‍ - അവന്റെ പ്രൊഫൈല്‍ ലേക്ക് ഒന്ന് എത്തി നോക്കാന്‍ ..

നോക്കി- കണ്ടു - "ഓണ്‍ലൈന്‍"
ക്ലോക്കില്‍ നോക്കി-സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു ..

ആരോടായിരിക്കും ഇത്ര വൈകിയിട്ടും അവന്‍ ചാറ്റ് ചെയ്യുന്നത്.... -
സന്തോഷവും സമാധാനവും വന്നുവെന്ന് കരുതിയിടത് പിടച്ചില്‍ ബാക്കിയുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു ..

Tuesday, June 10, 2014

I Do Dream This Day !

Rapes will definitely come to an end;
On the Day,When people realize that 
Women is Not just a physical Creation-
But she is born with Soul and a Heart that Feels.
May be Much Higher than Men!

നഷ്ടമാവുന്ന സ്വർഗരാജ്യത്തിന്റെ ഓർമപ്പെടുത്തലുകൾ

പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജ...